സലിം അഹമ്മദിന്റെ ‘ലെഫ്റ്റോവർ’ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്; ജബ്ബാർ കല്ലറക്കലിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രം ലോകവേദിയിൽ

കൊച്ചി: ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിന്റെ പുതിയ ചിത്രം ‘ലെഫ്റ്റോവർ’ (LEFTOVER) പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ജബ്ബാർ കല്ലറക്കലിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം ലോകപ്രശസ്തമായ ചലച്ചിത്ര വേദിയിൽ പ്രദർശിപ്പിക്കുന്നത് മലയാള സിനിമയ്ക്ക് വലിയൊരു നേട്ടമായി മാറുകയാണ്.

പി.വി. ഷാജികുമാറും സലിം അഹമ്മദും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ന്യൂട്ടൺ സിനിമ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അർജുൻ രാധാകൃഷ്ണൻ, സെറിൻ ഷിഹാബ്, ശ്വേത ബസു പ്രസാദ്, തന്മയ് ധനാനിയ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ മുള്ളുകമ്പികൾക്ക് പിന്നിൽ നിൽക്കുന്ന ഒരു ആൺകുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

മികച്ച സാങ്കേതിക പ്രവർത്തകരുടെ ഒരു നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. എ. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഷരൺ വേലായുധൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവ്വഹിക്കുന്നു. അശ്വിക് എസ് ആണ് പ്രൊഡക്ഷൻ ഡിസൈൻ. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. കാനിലെ റെഡ് കാർപെറ്റിൽ മലയാളത്തിന്റെ ഈ അഭിമാന ചിത്രം പ്രദർശിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം.

Leave a Reply

Your email address will not be published. Required fields are marked *