ചൈനീസ് വൈദ്യുത വാഹനങ്ങൾക്ക് യുകെയിൽ ഇൻഷുറൻസ് ലഭിക്കാൻ കടമ്പകളേറുന്നു; പ്രീമിയം തുകയിൽ വൻ വർദ്ധനവ്

ലണ്ടൻ: യുകെയിൽ അടുത്തിടെ വിപണി കീഴടക്കിയ ജേക്കു (Jaecoo), ബിവൈഡി (BYD) ഉൾപ്പെടെയുള്ള മുൻനിര ചൈനീസ് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. യൂറോപ്പ്, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളെ അപേക്ഷിച്ച് ചൈനീസ് നിർമ്മിത വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകാൻ യുകെയിലെ പ്രമുഖ കമ്പനികൾ വിമുഖത കാണിക്കുന്നതായാണ് കാർവൗ (Carwow) വെബ്‌സൈറ്റ് നടത്തിയ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇൻഷുറൻസ് ലഭ്യമാകുന്ന ചുരുക്കം സാഹചര്യങ്ങളിൽ തന്നെ, സമാനമായ മറ്റ് പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം തുകയാണ് പ്രീമിയമായി ഈടാക്കുന്നത്.

യുകെ വിപണിയിൽ വലിയ രീതിയിൽ വിറ്റഴിക്കപ്പെടുന്ന ജേക്കു 7 (Jaecoo 7), എക്സ്പെങ് ജി6 (XPeng G6), ബിവൈഡി സീൽ യു (BYD Seal U), സ്കൈവെൽ ബിഇ11 (Skywell BE11) എന്നീ നാല് ചൈനീസ് മോഡലുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ‘ആക്സ’ (Axa) ഒരു വാഹനത്തിന് പോലും കോട്ട് (Quote) നൽകാൻ തയ്യാറായില്ല. ‘ഹേസ്റ്റിംഗ്സ് ഡയറക്ട്’ ബിവൈഡിക്ക് മാത്രമാണ് അനുമതി നൽകിയത്. ‘അവിവ’ (Aviva) മാത്രമാണ് നാല് മോഡലുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാൻ തയ്യാറായ ഏക കമ്പനി. യുകെയിൽ ഈ വർഷം മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ജേക്കു 7. ഇതിന്റെ വാർഷിക ഇൻഷുറൻസ് പ്രീമിയം ശരാശരി 1,103 പൗണ്ടാണ് (ഏകദേശം 1.15 ലക്ഷത്തിലധികം രൂപ). എന്നാൽ ഇതിന് സമാനമായ സ്കോഡ കരോക്ക് (Skoda Karoq) എന്ന പെട്രോൾ എസ്‌യുവിക്ക് വെറും 577 പൗണ്ട് മാത്രമാണ് ഇൻഷുറൻസ് തുക വരുന്നത്.

പുതിയ ചൈനീസ് മോഡലുകളുടെ അപകടങ്ങൾക്ക് ശേഷമുള്ള അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയോ, ആവശ്യമായ പാർട്സുകളുടെ ലഭ്യതയോ യുകെയിൽ നിലവിൽ സുഗമമല്ലെന്നതാണ് ഇൻഷുറൻസ് കമ്പനികളെ പിന്നോട്ട് വലിപ്പിക്കുന്നത്. മുൻപ് ജാപ്പനീസ്, കൊറിയൻ ബ്രാൻഡുകൾ ആദ്യമായി യുകെ വിപണിയിൽ എത്തിയപ്പോഴും സമാനമായ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെന്നും, ചൈനീസ് കമ്പനികൾ വിപണിയിൽ കൂടുതൽ സജീവമാകുന്നതോടെ ഇൻഷുറൻസ് നിരക്കുകൾ സാധാരണ നിലയിലാകുമെന്നും ജേക്കു യുകെ വിഭാഗം മേധാവി ഒലിവർ ലോവ് പ്രതികരിച്ചു. നിലവിൽ ഇൻഷുറൻസ് നിരക്കുകൾ കുറയ്ക്കുന്നതിനായി കമ്പനികൾ ഇൻഷുറൻസ് പ്രൊവൈഡർമാരുമായി ചേർന്ന് ചർച്ചകൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *