കൊച്ചി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം സലിം കുമാറിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സലിം കുമാറിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെയും വ്യക്തിപരമായി തനിക്ക് തന്റെ കൂടപ്പിറപ്പിനെയുമാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.ഡി. സതീശന്റെ വൈകാരികമായ പ്രതികരണം.
തനിക്ക് സലിം കുമാർ വെറുമൊരു ‘ചിരിയുടെ മണവാളൻ’ മാത്രമായിരുന്നില്ലെന്നും തങ്ങൾ തമ്മിൽ അതിതീവ്രമായ ഒരു ആത്മബന്ധമുണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ കുറിച്ചു. “എന്റെ നാടിന്റെ അഭിമാനമായ ഒരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് അല്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ചു പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ” – വി.ഡി. സതീശൻ ഓർമ്മിച്ചു.തന്റെ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചുവാങ്ങിയിരുന്ന വ്യക്തിയായിരുന്നു സലിം കുമാറെന്നും പാർട്ടിയുടെ വിജയങ്ങളിൽ അദ്ദേഹം അത്രമേൽ സന്തോഷിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഹാസ്യം മാത്രമല്ല, അഭിനയത്തിന്റെ ഏതു തലവും തനിക്ക് വഴങ്ങുമെന്ന് ലോകോത്തര നിലവാരത്തോടെ അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. ഒരു വശത്ത് മുഖം കൊണ്ട് ചിരി പകർരുമ്പോൾ മറുവശത്ത് കണ്ണീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരാൻ സലിം കുമാറിന് കഴിഞ്ഞിരുന്നുവെന്നും വി.ഡി. സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

