ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുന്നതിനായി 449 കോടി രൂപയുടെ അത്യാധുനിക ഉപഗ്രഹ ജാമർ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന 20 ‘എൻഹാൻസ്ഡ് കാപ്പബിലിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം’ (ECGNSS) ജാമറുകൾ വാങ്ങുന്നതിനാണ് ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുമായി മന്ത്രാലയം കരാറിലേർപ്പെട്ടത്. ന്യൂഡൽഹിയിൽ വെച്ച് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
എതിരാളികളുടെ പ്രതിരോധ സാറ്റലൈറ്റ് സിഗ്നലുകൾ തടസ്സപ്പെടുത്താനും, അവരുടെ നാവിഗേഷൻ വിവരങ്ങളിൽ കൃത്രിമം കാണിക്കാനും (Spoofing) ശേഷിയുള്ളതാണ് ഈ അത്യാധുനിക ജാമറുകൾ. പലവിധത്തിലുള്ള സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സമുദ്രമേഖലകളിൽ നാവികസേനാ കപ്പലുകളുടെ സുരക്ഷിതമായ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം വലിയ രീതിയിൽ സഹായകരമാകും.
രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ. അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ തദ്ദേശീയമായി നിർമ്മിക്കുന്നതിലും രാജ്യത്തിന്റെ സമുദ്ര സുരക്ഷാ വ്യൂഹം ശക്തമാക്കുന്നതിലും ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

