തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ കനത്ത ശൈത്യം; മൂന്ന് സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

മെൽബൺ: ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ മേഖലകളിൽ ശക്തമായ ശീതക്കാറ്റും (Cold front) കൊടുംതണുപ്പും എത്തുന്നു. വിക്ടോറിയ, ടാസ്മാനിയ, ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) മുന്നറിയിപ്പ് നൽകി. ഈ വർഷത്തെ ആദ്യ മഞ്ഞുവീഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

മെൽബണിൽ വ്യാഴാഴ്ച താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. മൗണ്ട് മാസിഡൺ, ലേക്ക് മൗണ്ടൻ, മൗണ്ട് ബോ ബോ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായേക്കാം.ഇവിടെ 500 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ പോലും മഞ്ഞുവീഴ്ചയുണ്ടാകും. മൗണ്ട് വെല്ലിംഗ്ടണിൽ നഗരത്തിനടുത്തേക്ക് വരെ മഞ്ഞ് എത്തിയേക്കാം.

സ്നോവി മൗണ്ടൻസിൽ 1,000 മീറ്റർ ഉയരത്തിൽ മഞ്ഞുവീഴ്ചയുണ്ടാകും. സിഡ്‌നിയിൽ വ്യാഴാഴ്ച മുതൽ കടുത്ത തണുപ്പും ശക്തമായ കാറ്റും അനുഭവപ്പെടും. പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് ചുരുങ്ങും.തലസ്ഥാന നഗരിയിൽ 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. നഗരത്തിന് അടുത്തുള്ള ബ്ലാക്ക് മൗണ്ടൻ, മൗണ്ട് ഐൻസ്‌ലി എന്നിവിടങ്ങളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.

അസാധാരണമായ ചൂട് അനുഭവപ്പെട്ട ഏപ്രിൽ മാസത്തിന് ശേഷമാണ് ഓസ്‌ട്രേലിയ തണുപ്പിലേക്ക് മാറുന്നത്. ഏപ്രിലിൽ ശരാശരിയേക്കാൾ 1.14 ഡിഗ്രി സെൽഷ്യസ് അധികം താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ശൈത്യം വരുന്നതോടെ വരും ദിവസങ്ങളിൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *