അമേരിക്കയിലെ ടോളെഡോ നഗരത്തിൽ നടന്ന വാർഷിക ഓൾഡ് ബെസ്റ്റ് എൻഡ് ഫെസ്റ്റിവലിന് സമീപം ഉണ്ടായ വെടിവെപ്പിൽ കുറഞ്ഞത് 12 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ഏകദേശം 5.37-ഓടെയാണ് സംഭവം.
ഫെസ്റ്റിവലിനോട് ചേർന്ന പ്രദേശത്ത് വെടിയൊച്ച കേട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ നിരവധി പേർക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ കുറഞ്ഞത് രണ്ട് പേർ തമ്മിലുള്ള വെടിവെപ്പാണ് സംഭവത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും പരസ്പരം ലക്ഷ്യമിട്ട് വെടിയുതിർക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ആളുകൾക്കും വെടിയേൽക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികൾക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരുടെ പ്രായം 14 മുതൽ 61 വരെയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരോട് ഫോട്ടോകളോ വീഡിയോകളോ ഉണ്ടെങ്കിൽ അന്വേഷണസംഘത്തിന് കൈമാറാൻ അഭ്യർഥിച്ചിട്ടുണ്ട്. സംഗീതപരിപാടികൾ, ഭക്ഷ്യമേള, ചരിത്രപ്രസിദ്ധമായ വീടുകളുടെ സന്ദർശനം എന്നിവ ഉൾപ്പെടുന്ന ജനപ്രിയ ആഘോഷമാണ് ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവൽ.
വെടിവെപ്പിനെ തുടർന്ന് ഫെസ്റ്റിവലിന്റെ ശേഷിക്കുന്ന പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനം സംഘാടകർ എടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മൈക്ക് ഡിവൈൻ, കുടുംബങ്ങൾ ഭയമില്ലാതെ പങ്കെടുക്കേണ്ട വേനൽക്കാല ആഘോഷങ്ങളിൽ ഇത്തരം അക്രമങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ചു.

