നിപ ഭീതിക്കിടെ ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി ഉയരുന്നതിനിടെ റെംഡിസിവർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കുമ്പോൾ, മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന വിവരമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽ നിന്ന് പുറത്തുവരുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സർക്കാർ ഇടപെടൽ സമയബന്ധിതമല്ലെന്നും ഇത് ഗുരുതര ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *