കൽപ്പറ്റ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒമ്പത് പേരെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായ ശ്രുതി സുരേഷിന് മംഗല്യം. മാനന്തവാടി പെരുവക സ്വദേശിയായ സന്ദീപ് വലിയപറമ്പത്താണ് ശ്രുതിയുടെ ജീവിതപങ്കാളിയായത്. ശനിയാഴ്ച രാവിലെ 6.30ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിലായിരുന്നു വിവാഹം.
പെരുവക ശ്രീമുത്തപ്പൻ ക്ഷേത്രം മഠാധിപതി വലിയപറമ്പത്ത് ശങ്കരൻ മടയച്ഛൻ–സത്യഭാമ ദമ്പതികളുടെ മകനാണ് സന്ദീപ്. വയനാട് സിവിൽ സ്റ്റേഷനിലെ പി.ജി. വിഭാഗത്തിൽ ജീവനക്കാരനാണ് അദ്ദേഹം. ശ്രുതിയും ഇതേ സിവിൽ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. മുൻ റവന്യൂ മന്ത്രി കെ. രാജൻ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്. ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന ആദ്യ വിവാഹമായിരുന്നു ശ്രുതിയുടെയും സന്ദീപിന്റെയും. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
2024 ജൂലൈ 30ന് രാത്രിയുണ്ടായ പുഞ്ചിരിമട്ടം ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരടക്കം കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടമായത്. ദുരന്തദിവസം കോഴിക്കോട് ജോലി ചെയ്തിരുന്ന ശ്രുതി വീട്ടിലുണ്ടായിരുന്നില്ല. സ്കൂൾകാലം മുതൽ സൗഹൃദത്തിലായിരുന്ന അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസനുമായി വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു ദുരന്തം.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട് തകർന്ന ശ്രുതിക്ക് ആശ്വാസമായത് ജെൻസന്റെയും കുടുംബത്തിന്റെയും പിന്തുണയായിരുന്നു. എന്നാൽ 2024 സെപ്റ്റംബർ 10ന് ശ്രുതിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച ഓമ്നിവാൻ കൽപ്പറ്റ വെള്ളാരംകുന്നിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ജെൻസൻ സെപ്റ്റംബർ 11ന് രാത്രി മരിച്ചു. അപകടത്തിൽ ഇരുകാലുകൾക്കും ഒടിവേറ്റ ശ്രുതി ആഴ്ചകളോളം ചികിത്സയിലായിരുന്നു. ശ്രുതിയുടെ കാലിൽ ശസ്ത്രക്രിയ നടന്ന ദിവസമായിരുന്നു ജെൻസന്റെ മരണം.
ദുരന്തങ്ങൾക്കുശേഷം ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു ശ്രുതി കഴിഞ്ഞിരുന്നത്. പിന്നീട് സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള നിലപാടാണ് ശ്രുതി സ്വീകരിച്ചത്.
ശ്രുതിക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതിനും സർക്കാർ ജോലി ഉറപ്പാക്കുന്നതിനും മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് കെ. രാജൻ. ശ്രുതിയുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് സാക്ഷിയാകാൻ അദ്ദേഹവും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
വിവാഹശേഷം സന്തോഷം പങ്കുവെച്ച ശ്രുതി, തന്റെ ജീവിതത്തിലെ കഴിഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടാണ് സന്ദീപ് കൈപിടിച്ചതെന്നും മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും പ്രതികരിച്ചു.

