ഓട്ടോറിക്ഷയിൽ 10 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ഏഴു വർഷം കഠിനതടവും പിഴയും

തൊടുപുഴ: ഓട്ടോറിക്ഷയിൽ 10 കിലോഗ്രാം ഉണക്കക്കഞ്ചാവ് കടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ഏഴു വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ഇടുക്കി നെയ്യാശ്ശേരി വില്ലേജിൽ തൊമ്മൻകുത്ത് 40 ഏക്കർ ഭാഗത്ത് വാക്കണ്ടത്തിൽ വീട്ടിൽ ലിബിൻ (37), കരിക്കോട് വില്ലേജിൽ ഇടവെട്ടി കരയിൽ മാർത്തോമാ ഭാഗത്ത് നെല്ലിക്കുന്നേൽ വീട്ടിൽ ‘ഒടിയൻ’ എന്ന് വിളിക്കുന്ന മാർട്ടിൻ (45) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2019 മാർച്ച് പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന അനൂപ് മോൻ പി.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. തുടർന്ന് രാജാക്കാട് പോലീസ് ഇൻസ്പെക്ടർ ഹണി എച്ച്.എൽ കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *