തിരുവനന്തപുരം: കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽവെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ കേരള ഹൈക്കോടതി അനുമതി നൽകി. ചൊവ്വാഴ്ച (ജൂലൈ 14) രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ മേയർ ആര്യ രാജേന്ദ്രൻ എത്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.
ദേവന്മാരുടെയും വ്യക്തികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശിച്ചിരുന്നു. മറ്റ് കൗൺസിലർമാർ നേരത്തെ സത്യപ്രതിജ്ഞ നടത്തിയെങ്കിലും കാപ്പ തടങ്കലിലായിരുന്ന സുഗതന് പങ്കെടുക്കാനായിരുന്നില്ല. തുടർന്ന് ജയിലിൽവെച്ച് സത്യപ്രതിജ്ഞ നടത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജനങ്ങൾ നൽകിയ ജനവിധി സാങ്കേതിക കാരണങ്ങളാൽ നഷ്ടപ്പെടാൻ പാടില്ലെന്ന് നിരീക്ഷിച്ച കോടതി, സുഗതന്റെ ജനപ്രതിനിധി പദവി ഏറ്റെടുക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും വ്യക്തമാക്കി.

