മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയ വിവാദം ദൗർഭാഗ്യകരം: ബെന്നി ബഹനാൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് അകത്തും സാമൂഹിക മാധ്യമങ്ങളിലും ഉയർന്നുവരുന്ന ചര്‍ച്ചകളും വിവാദങ്ങളും ദൗർഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാൻ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രവര്‍ത്തകരുടെ മനോവീര്യം ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡാണ് എടുക്കേണ്ടത്, സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് അതില്‍ പങ്കില്ലെന്നും ബഹനാൻ വ്യക്തമാക്കി. ഫലം വന്നതിന് ശേഷം നേതൃത്വത്തിന്റെ തീരുമാനം വരെയുള്ള സമയം കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം പ്രചാരണങ്ങള്‍ യുഡിഎഫ് വിജയ പ്രതീക്ഷയെ ബാധിക്കാനും പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാനും ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. വിഷയത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തിലാണ് ബഹനാന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *