കുട്ടികളെ അമ്മ മുക്കിക്കൊല്ലുമ്പോൾ പുറത്ത് കാവൽ നിന്ന ആൺസുഹൃത്തും അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്തും അറസ്റ്റിലായി. ചിറ്റൂർ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് പിടിയിലായത്. അമ്മ നിവേദ്യ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന സമയത്ത് മറ്റാരും കടന്നുവരാതിരിക്കാൻ മാർട്ടിൻ വീടിനു പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശി ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലുള്ള വെള്ളത്തൊട്ടിയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബുധനാഴ്ച രാവിലെ നിവേദ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൃത്യത്തിൽ ആൺസുഹൃത്തിന്റെ പങ്കിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. തുടർന്ന് വ്യാഴാഴ്ച മാർട്ടിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *