ടെഹ്റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് നൽകിയ നിർദേശപ്രകാരം ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയാണ് പുതിയ ആക്രമണം നടത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
തുടർച്ചയായ പന്ത്രണ്ടാം രാത്രിയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നത്. മേഖലയിൽ സഞ്ചരിക്കുന്ന സാധാരണ നാവികർക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി പൂർണമായും ഇല്ലാതാക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങൾ, ആളപായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെയാണ് അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയത്.

