മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദ്വൈപക്ഷിക കായിക മത്സരങ്ങൾ നടക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, പാകിസ്ഥാൻ ടീമുകളും താരങ്ങളും പങ്കെടുക്കുന്ന രാജ്യാന്തര മൾട്ടിനാഷണൽ മത്സരങ്ങളിൽ ഇന്ത്യൻ ടീമുകൾ പങ്കെടുക്കുമെന്നും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പാകിസ്ഥാനും പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.
2030 കോമൺവെൽത്ത് ഗെയിംസിനും 2036 ഒളിമ്പിക്‌സിനും ഇന്ത്യ ആതിഥേയത്വം നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര കായിക മത്സരങ്ങളിലെ ബാധ്യതകൾ ഇന്ത്യ പാലിക്കുമെന്നും കായിക മന്ത്രാലയം സൂചിപ്പിച്ചു.
ഇന്ത്യ–പാകിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും ഏറെക്കാലമായി ദ്വൈപക്ഷിക ക്രിക്കറ്റ് പരമ്പരകൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഐസിസി, ഏഷ്യൻ ഗെയിംസ് തുടങ്ങിയ ബഹുരാഷ്ട്ര ടൂർണമെന്റുകളിലാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുന്നത്.

