ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി: കാണാതായ വടകര സ്വദേശിയെ പയ്യന്നൂരിൽ കണ്ടെത്തി

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി ഭയന്ന് വീടുവിട്ടിറങ്ങിയ വടകര സ്വദേശിയായ യുവാവിനെ പയ്യന്നൂരിൽ കണ്ടെത്തി. ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെയാണ് (25) പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 13-ാം തീയതി മുതലാണ് ഇയാളെ കാണാതായത്.

ഓൺലൈൻ ലോൺ ആപ്പിൽ നിന്നും വിഷ്ണു 10,000 രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. വിഷ്ണുവിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. ഈ മാനസിക വിഷമത്തെ തുടർന്നാണ് യുവാവ് വീടുവിട്ടിറങ്ങിയത്.

കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ, നേത്രാവതി എക്സ്പ്രസ്സിൽ യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണിൽ നിന്ന് വിഷ്ണു സഹോദരനെ വിളിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പയ്യന്നൂരിൽ വെച്ച് ഇയാളെ കണ്ടെത്താനായത്. വിഷ്ണുവിന് മറ്റ് സാമ്പത്തിക ബാധ്യതകൾ ഉള്ളതായും പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *