ജീവന് ഭീഷണി; കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി, കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയ്ക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശിൽ പോക്‌സോ ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റുവഴികളിലൂടെയും തനിക്കും ഭർത്താവിനും നേരെ വധഭീഷണിയുണ്ടെന്നും ജീവന് സുരക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി മുഹമ്മദ് ഫർമാനിന് ഹൈക്കോടതി ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം നേരത്തെ അനുവദിച്ചിരുന്നു. ഇരുവരും സമർപ്പിച്ച ഹർജികളിൽ കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *