ടൊമാഗോ അലുമിനിയം സ്മെൽറ്ററിന് 2.5 ബില്യൺ ഡോളറിന്റെ വൻ രക്ഷാ പാക്കേജുമായി സർക്കാർ

സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ അലുമിനിയം സ്മെൽറ്ററായ ‘ടൊമാഗോ’യുടെ (Tomago) പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2.5 ബില്യൺ ഡോളറിന്റെ വൻ രക്ഷാപാക്കേജ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ന്യൂ സൗത്ത് വെയിൽസ് (NSW) പ്രീമിയർ ക്രിസ് മിൻസും. വ്യാഴാഴ്ച രാവിലെ ന്യൂകാസിലിന് സമീപമുള്ള ടൊമാഗോ കേന്ദ്രം സന്ദർശിച്ച് ഇരുവരും സംയുക്തമായി ഈ സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

നിലവിലെ വൈദ്യുത വിതരണ കരാർ അവസാനിക്കുന്നതോടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഖനന ഭീമന്മാരായ റിയോ ടിന്റോ (Rio Tinto) ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. ഊർജ്ജ പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ചെലവുകളുമാണ് സ്മെൽറ്ററിന്റെ നിലനിൽപ്പിന് ഭീഷണിയായത്.

പ്രധാന വിവരങ്ങൾ:

സാമ്പത്തിക പങ്കാളിത്തം: 10 വർഷത്തേക്ക് നീണ്ടുനിൽക്കുന്ന ഈ 2.5 ബില്യൺ ഡോളർ പദ്ധതിയുടെ ചെലവ് കേന്ദ്ര സർക്കാരും ന്യൂ സൗത്ത് വെയിൽസ് സർക്കാരും 50-50 അനുപാതത്തിൽ തുല്യമായി വീതിക്കും. ഇതിനുപുറമെ, സ്ഥാപനത്തിന്റെ ഉടമകൾ 1 ബില്യൺ ഡോളറിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

തൊഴിലും ഊർജ്ജ ഉപയോഗവും: സംസ്ഥാനത്തെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം ഉപയോഗിക്കുന്നത് ഈ പ്ലാന്റാണ്. ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

പുതിയ ഊർജ്ജ പദ്ധതികൾ: സർക്കാർ ഉടമസ്ഥതയിലുള്ള സ്നോവി ഹൈഡ്രോയുമായുള്ള (Snowy Hydro) വൈദ്യുതി കരാറിന്റെ ഭാഗമായി ഏകദേശം 2.5 ജിഗാവാട്ട് (2.5GW) പുതിയ ഊർജ്ജ വിതരണം ഇതിലൂടെ സൃഷ്ടിക്കപ്പെടും.

ഹരിത ഊർജ്ജ ലക്ഷ്യം: ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ പൂർണ്ണമായും പുനരുപയോഗ ഊർജ്ജത്തിലേക്ക് (Renewable Energy) മാറാൻ ടൊമാഗോ നേരത്തെ ലക്ഷ്യമിട്ടിരുന്നു.

രാജ്യത്ത് അലുമിനിയം ഉൽപ്പാദനം നിലച്ചാൽ അത് മറ്റ് വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിവർഷം 5,90,000 ടൺ അലുമിനിയം ഉൽപ്പാദിപ്പിക്കുന്ന ടൊമാഗോ, സോളാർ പാനലുകൾ, കാറ്റാടിയന്ത്രങ്ങൾ, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്ക ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *