ടൊറന്റോ: വിമാനം ടാക്സി ചെയ്യുന്നതിനിടെ കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി കനേഡിയൻ വിമാനക്കമ്പനിയായ പോർട്ടർ എയർലൈൻസ്. വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് ഓഗസ്റ്റ് 6-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഈ അപൂർവ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ കുട്ടി സീറ്റിൽ എഴുന്നേറ്റു നിൽക്കുകയായിരുന്നുവെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാവും വിമാന ജീവനക്കാരും ചേർന്ന് സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്, ഇത്തരം സുരക്ഷിതമല്ലാത്ത അവസ്ഥയിൽ വിമാനത്തിന് പറന്നുയരാൻ കഴിയില്ലെന്ന നിഗമനത്തിൽ വിമാനം തിരികെ ടെർമിനലിലേക്ക് കൊണ്ടുവരാൻ ക്രൂ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.
കുട്ടിയെയും രക്ഷിതാവിനെയും മാത്രം ഇറക്കി വിമാനത്തിന്റെ പേപ്പർവർക്കുകൾ പൂർത്തിയാക്കി വീണ്ടും പുറപ്പെടാൻ ശ്രമിച്ചാൽ വിമാനത്താവളം അടയ്ക്കുന്ന രാത്രി 12:30-ന് മുൻപ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഴുവൻ യാത്രക്കാരെയും ഇറക്കി വിമാനത്തിന്റെ യാത്ര റദ്ദാക്കേണ്ടി വന്നതെന്ന് പോർട്ടർ എയർലൈൻസ് വക്താവ് ബ്രാഡ് സിസെറോ അറിയിച്ചു. അസൗകര്യം നേരിട്ട മറ്റ് യാത്രക്കാരോട് കമ്പനി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
അതേസമയം, കുട്ടി കുസൃതി കാണിക്കുകയല്ലായിരുന്നെന്നും പേടിച്ചരണ്ട് സീറ്റിനടിയിൽ ഒളിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ ആര്യാ കൊസൂച്ച് പറഞ്ഞു. ഇത്രയധികം ആളുകളുള്ള അടഞ്ഞ വിമാനത്തിൽ പേടിച്ചുപോയ കുട്ടിയെ കാണുമ്പോൾ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കമ്പനി കൂടുതൽ വേഗത്തിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നെങ്കിൽ വിമാനം റദ്ദാക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരിയായ ഹിലരി ഹെർട്സ്ബെർഗ് അഭിപ്രായപ്പെട്ടു.
തടസ്സപ്പെട്ട യാത്രക്കാർക്കായി തൊട്ടടുത്ത ദിവസം തന്നെ ബദൽ വിമാന സർവീസ് പോർട്ടർ എയർലൈൻസ് ക്രമീകരിച്ചു നൽകി.

