ന്യൂഡൽഹി: നീറ്റ് – യുജി ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകണി അധ്യക്ഷനായ ആറംഗ ഉന്നതതല സമിതിയാണ് പരീക്ഷാ സംവിധാനത്തിൽ സാങ്കേതികവും ഘടനാപരവുമായ മാറ്റങ്ങൾ നിർദേശിക്കുന്നത്. ന
നീറ്റ് യുജി നിലവിലുള്ള പേപ്പർ-പെൻ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. എന്നാൽ സൈബർ സുരക്ഷ, ഡാറ്റ സംരക്ഷണം, രാജ്യവ്യാപകമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നത് പ്രധാന വെല്ലുവിളികളാണ്. ഓൺലൈൻ പരീക്ഷയിലേക്കുള്ള മാറ്റത്തിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
പരീക്ഷാ ചോദ്യപേപ്പറുകളുടെ സുരക്ഷ, ഡിജിറ്റൽ സംവിധാനങ്ങളുടെ വിശ്വാസ്യത, പരീക്ഷാ നടത്തിപ്പിലെ സുതാര്യത, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) ഭരണസംവിധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് സമിതിയുടെ പ്രധാന ലക്ഷ്യം. NEET, JEE Main, CUET തുടങ്ങിയ പ്രധാന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംവിധാനങ്ങളും സമിതി പരിശോധിക്കും.
NEET ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ പരിഷ്കാരങ്ങളിലേക്ക് നീങ്ങുന്നത്. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് സുരക്ഷയും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളും സംബന്ധിച്ച് വിശദമായ വിലയിരുത്തൽ ആവശ്യമാണ്.
നിലവിൽ NEET-UG ഓൺലൈനാക്കാനുള്ള അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നീലേക്കണി സമിതിയുടെ ശുപാർശകൾ പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

