കൊച്ചി : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ചാത്തങ്ങാട് ബീച്ചിൽ സംഘടിപ്പിച്ച സുനാമി റെഡി മോക്ഡ്രിൽ വിജയകരമായി പൂർത്തിയായി. അടിയന്തര സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളെ അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും, വിവിധ സർക്കാർ വകുപ്പുകളുടെ ദുരന്ത പ്രതികരണ ശേഷിയും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനുമായാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രാദേശിക തലത്തിൽ ഈ മോക്ഡ്രിൽ സംഘടിപ്പിച്ചത്.
മുന്നറിയിപ്പ് സന്ദേശം ലഭിച്ച ഉടൻ തന്നെ തീരദേശവാസികളെ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും, വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവരെ ആംബുലൻസുകൾ വഴി സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുകയും പ്രാഥമിക ചികിത്സയും വിദഗ്ദ്ധ ആരോഗ്യ സേവനങ്ങളും അടിയന്തരമായി ഉറപ്പാക്കുകയും ചെയ്തു. പ്രദേശത്തെ അമ്പതോളം കുടുംബങ്ങളെയാണ് ഇത്തരത്തിൽ സുരക്ഷിതമായി ഒഴിപ്പിച്ചത്.
റവന്യൂ, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹനം എന്നീ വകുപ്പുകൾക്കൊപ്പം യുവ ആപ്ദാ മിത്ര, സിവിൽ ഡിഫെൻസ് വോളന്റീർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരും രക്ഷാപ്രവർത്തന മോക്ഡ്രില്ലിൽ സജീവമായി പങ്കെടുത്തു.
തുടർന്ന് ചേർന്ന അവലോകന യോഗത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും വിലയിരുത്തി. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത്, കൊച്ചി താലൂക്ക് തഹസിൽദാർ നിശാന്ത് മോഹൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

