സൗൾ: ആകാശത്ത് പറക്കുന്നതിനിടെ സെൽഫിയെടുക്കാനും വീഡിയോ ചിത്രീകരിക്കാനുമുള്ള പൈലറ്റുമാരുടെ ശ്രമം ദക്ഷിണ കൊറിയയിൽ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ കാരണമായി. 2021-ൽ നടന്ന ഈ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ദക്ഷിണ കൊറിയൻ ഓഡിറ്റ് ബോർഡ് പുറത്തുവിട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ദക്ഷിണ കൊറിയൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളായ രണ്ട് എഫ്-15കെ (F-15K) വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു യൂണിറ്റിലേക്ക് മാറുന്നതിന് മുന്നോടിയായുള്ള തന്റെ അവസാന ഫ്ലൈറ്റ് അവിസ്മരണീയമാക്കാൻ പൈലറ്റുമാരിൽ ഒരാൾ ആകാശത്ത് വെച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. വിമാനം തലകീഴായി തിരിച്ച് (Inverted position) മികച്ച ആംഗിളിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിമാനത്തിൽ തട്ടുകയായിരുന്നു.
രണ്ട് വിമാനങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. പൈലറ്റുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്താൻ ഏകദേശം 880 ദശലക്ഷം വോൺ (ഏകദേശം 5.4 കോടി രൂപ) ചെലവായി.അപകടത്തിന് കാരണക്കാരനായ പൈലറ്റിനോട് അറ്റകുറ്റപ്പണി ചെലവിന്റെ പത്തിലൊന്ന് (88 ദശലക്ഷം വോൺ) പിഴയായി അടയ്ക്കാൻ ഓഡിറ്റ് ബോർഡ് നിർദ്ദേശിച്ചു.
വീഴ്ച വരുത്തിയ പൈലറ്റിനെ വ്യോമസേന സസ്‌പെൻഡ് ചെയ്തു. ഇദ്ദേഹം പിന്നീട് സൈന്യത്തിൽ നിന്ന് വിരമിച്ച് ഒരു കൊമേഴ്‌സ്യൽ എയർലൈനിൽ പൈലറ്റായി ചേർന്നു.ഫോട്ടോ എടുക്കുന്നത് പൈലറ്റുമാർക്കിടയിൽ ഒരു പതിവായിരുന്നെന്നും, മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണക്കുറവ് അപകടത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദക്ഷിണ കൊറിയൻ വ്യോമസേന പൊതുജനങ്ങളോട് ക്ഷമാപണം നടത്തി.

