ഇരുമ്പുപാലത്ത് ആനക്കൊമ്പ് വിൽപ്പനയ്ക്ക് ശ്രമിച്ച രണ്ടുപേർ പിടിയിൽ; പ്രതികൾ റിമാൻഡിൽ

നേര്യമംഗലം / അടിമാലി: ഇരുമ്പുപാലത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ വനംവകുപ്പ് ഇന്റലിജൻസ് വിഭാഗം രഹസ്യ ഓപ്പറേഷനിലൂടെ പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത ആനക്കൊമ്പും കടത്താനുപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്ത പ്രതികളെയും ഫ്ലൈയിംഗ് സ്ക്വാഡ് വിഭാഗം പ്രാഥമിക നടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. നേര്യമംഗലം റേഞ്ച് ഓഫീസർ, വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി മറ്റ് നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആനയെ കൊന്ന് കൊമ്പെടുത്തതാണോ എന്നതുൾപ്പെടെ, പിടിച്ചെടുത്ത ആനക്കൊമ്പിന്റെ ഉറവിടം സംബന്ധിച്ച വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *