പിറവം: സംസ്ഥാനത്തെ തിയേറ്ററുകളിലും പൊതുവിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. പഞ്ചായത്ത്, നഗരസഭാതല ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധനാ ക്യാമ്പിൽ തത്സമയ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ പിറവം നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ എട്ടിനകം മുഴുവൻ ക്യാമ്പുകളും പൂർത്തിയാക്കുമെന്നും, കൃത്യമായ ഇടവേളകളിൽ ഈ പരിശോധനകൾ മുൻപോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും പദ്ധതി പുരോഗമിക്കുകയാണ്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മന്ത്രി നേരിട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പിറവം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, എറണാകുളം ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, വിൽസൺ കെ. ജോൺ, സോമൻ വല്ലയിൽ, രാജു പാണാലിക്കൽ, ഉണ്ണി വല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു.

