മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ പിടിയിൽ

മുംബൈ: ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദിക്ക് സമീപത്തുനിന്ന് വ്യാജ ഐഡന്റിറ്റി കാർഡും തോക്കുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന കർശന പരിശോധനയിലാണ് ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയിലായത്.

കസ്റ്റഡിയിലായവരിൽ ഒരാളായ രോഹൻ പരേഖ് (24) എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്നാണ് സുരക്ഷാ ജീവനക്കാരോട് അവകാശപ്പെട്ടത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് വ്യക്തമാകുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്.

പിടിച്ചെടുത്ത തോക്ക് ലൈസൻസുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വ്യാജ രേഖകൾ ഉപയോഗിച്ച് സുരക്ഷാ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചതിന്റെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനൊപ്പം ബികെസി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *