തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. 140 മണ്ഡലങ്ങളില്‍ 102 സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം കാഴ്ചവച്ചു. എല്‍ഡിഎഫിന് 35 ഇടത്ത് മാത്രമാണ് മുന്നിലെത്താനായത്. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ വിജയം നേടി. ശക്തമായ ഇടത് കോട്ടകളെ തകര്‍ത്താണ് സംസ്ഥാനത്ത് യുഡിഎഫിന്‍റെ തേരോട്ടം. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ എല്ലാ സീറ്റിലും യുഡിഎഫ് വിജയിച്ചു. മന്ത്രിമാര്‍ക്ക് അടക്കം അടിപതറിയപ്പോള്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും മുന്നേറ്റം കാഴ്ചവച്ചാണ് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുന്നത്.
നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും, ചാത്തന്നൂരില്‍ ബി.ബി ഗോപകുമാറും നേടിയ വിജയത്തിലൂടെ ബിജെപി തിളക്കമാര്‍ന്ന നേട്ടമാണ് സംസ്ഥാനത്ത് നേടിയത്. വി.ഡി സതീശനും, രമേശ് ചെന്നിത്തലയും, കെ മുരളീധരനും, പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്- മുസ്ലിം ലീഗ് മുന്‍നിര നേതാക്കള്‍ ഉജ്വല വിജയം നേടിയപ്പോള്‍ വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു, വീണാ ജോര്‍ജ് എം ബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍ അടക്കമുള്ള ഇടത് മന്ത്രിമാര്‍ പരാജയപ്പെട്ടു.
കോണ്‍ഗ്രസ് 63 സീറ്റിലും, മുസ്ലീം ലീഗ് 22 സീറ്റിലും മുന്നിലെത്തിയപ്പോള്‍ സിപിഐഎം 26 മണ്ഡലങ്ങളിലും, സിപിഐ 8 സീറ്റിലുമാണ് മുന്നേറ്റം കാഴ്ചവച്ചത്. യുഡിഎഫ് ഘടകകഷികളായ കേരള കോണ്‍ഗ്രസ് 7 സീറ്റിലും, RSP 3 മണ്ഡലങ്ങളിലും വിജയിച്ചു. കേരള കോണ്‍ഗ്രസ് എം അടക്കമുള്ള എല്‍ഡിഎഫ് ഘടകക്ഷികള്‍ക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

