പശ്ചിമേഷ്യയില്‍ യു.എസ് – ഇറാൻ സൈനിക സംഘർഷം രൂക്ഷമാകുന്നു; താൽക്കാലിക വെടിനിർത്തൽ പ്രതിസന്ധിയിൽ

ടെഹ്റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറുകളെ പൂർണ്ണമായും പ്രതിസന്ധിയിലാക്കിക്കൊണ്ട് യു.എസ് – ഇറാൻ സൈനിക സംഘർഷം വീണ്ടും അതിരൂക്ഷമാകുന്നു. ബഹ്റൈനിലെ യു.എസ് നാവികസേനാ ആസ്ഥാനത്തിനും കുവൈറ്റിലെ വ്യോമതാവളത്തിനും നേരെ ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങള്‍ നടത്തി. ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ ശക്തമായ ഈ തിരിച്ചടി.

ഇറാൻ തുറമുഖത്തേക്ക് വരികയായിരുന്ന ഒരു ഓയിൽ ടാങ്കറിന് നേർക്ക് അമേരിക്ക മിസൈൽ ആക്രമണം നടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ തന്ത്രപ്രധാനമായ ഖെഷം ദ്വീപിലെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കേന്ദ്രത്തിന് നേരെയും യു.എസ് സൈന്യം കടുത്ത ആക്രമണം നടത്തി. ഇതിന് മറുപടിയായാണ് ബഹ്റൈനിലെ അമേരിക്കന്‍ അഞ്ചാം കപ്പല്‍പ്പടയുടെ (Fifth Fleet) പ്രധാന ആസ്ഥാനത്തിന് നേരെ ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും അത് തുടർന്നുപോരുകയാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇരുവിഭാഗവും സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത് പശ്ചിമേഷ്യയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *