വാഷിങ്‌ടൺ:മൂന്ന് മാസമായി തുടരുന്ന യു.എസ്-ഇറാൻ സൈനിക സംഘർഷങ്ങൾക്കിടയിൽ പുതിയ നീക്കവുമായി അമേരിക്ക. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇറാന്റെ ആസ്തികൾ (Iranian assets) വകമാറ്റി ഉപയോഗിക്കാൻ യു.എസ് സർക്കാർ ഒരുങ്ങുന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നിർണായക നീക്കം.ഗൾഫ് സഖ്യകക്ഷികൾക്ക് ഇറാൻ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കൃത്യമായ തുക കണക്കാക്കാൻ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഉദ്യോഗസ്ഥ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിലുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്താനും ഇറാന്റെ ആസ്തികൾ ഉപയോഗിക്കുന്നത് അമേരിക്ക പരിഗണിക്കും.
എന്നാൽ നിലവിൽ യു.എസ് മരവിപ്പിച്ചിട്ടുള്ള 2,400 കോടി ഡോളറിന്റെ (24 Billion Dollars) ആസ്തികൾക്ക് പുറമെ, മറ്റ് ഏതൊക്കെ തരത്തിലുള്ള ആസ്തികളാണ് ഇതിനായി ഉപയോഗിക്കുക എന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുമായുള്ള സമാധാനക്കരാറിന് മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെടുന്നതിനിടയിലാണ് യു.എസിന്റെ പുതിയ നീക്കം.അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ ചർച്ചകളെ ഈ തീരുമാനം കൂടുതൽ സങ്കീർണ്ണമാക്കും.
കഴിഞ്ഞ ദിവസങ്ങളിൽ സ്ട്രെയിറ്റ് ഓഫ് ഹോർമുസിലെ ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വിപ്ലവ ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം മിസൈലുകളും യു.എസ് സൈന്യവും കുവൈത്ത് സേനയും തകർത്തതായാണ് വിവരം.ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ നിലവിൽ തടസ്സപ്പെട്ട നിലയിലാണ്. എങ്കിലും, പ്രശ്നപരിഹാരത്തിനായി മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി പ്രത്യേക ഔദ്യോഗിക കത്തുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയെ സന്ദർശിക്കാൻ ടെഹ്‌റാനിൽ എത്തിയിട്ടുണ്ട്.
യു.എസ് ഉപരോധം മാറ്റണമെന്നും എണ്ണവ്യാപാരം പുനഃസ്ഥാപിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദവുമുണ്ട്.

