കൊച്ചി: പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കേരളത്തിലെയും അമേരിക്കയിലെയും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർത്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്ത സാധ്യതകൾ യോഗത്തിൽ വിലയിരുത്തി. തന്റെ ആദ്യ കേരള സന്ദർശനമാണിതെന്ന് വ്യക്തമാക്കിയ യു.എസ് സ്ഥാനപതി, സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യത്തെയും സാംസ്കാരിക പാരമ്പര്യത്തെയും പ്രകീർത്തിച്ചു. ആയുർവേദ-ആരോഗ്യ ടൂറിസം മേഖലകൾ വഴി കൂടുതൽ അമേരിക്കൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും, ‘സിസ്റ്റർ സിറ്റീസ്’ മാതൃകയിൽ നഗരങ്ങൾ തമ്മിലുള്ള പങ്കാളിത്തം പരിശോധിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ് എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്കുള്ള സാധ്യതകളും ചർച്ചയായി. അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന് പൂർണ്ണ പിന്തുണ യു.എസ് സ്ഥാനപതി ഉറപ്പുനൽകി. കൂടാതെ, യു.എസിലെ മലയാളി സമൂഹവുമായും നിക്ഷേപകരുമായും കൂടുതൽ അടുക്കാൻ അമേരിക്കയിൽ ഒരു ‘ഇൻവെസ്റ്റ് ഡെസ്‌ക്’ ആരംഭിക്കുന്ന കാര്യവും യോഗത്തിൽ ശ്രദ്ധ നേടി.

