അടൂർ: സ്വാതന്ത്ര്യവും സമത്വവും സമാധാനവും ഉറപ്പാക്കുന്നതിൽ സമൂഹത്തിന് മാതൃകയാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതിൽ സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും, ഏറ്റെടുക്കുന്ന ഓരോ ദൗത്യവും അച്ചടക്കത്തോടെയും കർമ്മധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതിൽ കേരള പൊലീസ് എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പുതുതായി പൊലീസിലേക്ക് എത്തുന്ന സേനാംഗങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടൂർ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനിൽ നടന്ന പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കെ.എ.പി മൂന്നാം ബറ്റാലിയനിൽ നിന്നുള്ള 205 പേരും അഞ്ചാം ബറ്റാലിയനിൽ നിന്നുള്ള 126 പേരും ഉൾപ്പെടെ 331 റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. എസ്. സൂരജ് നയിച്ച പരേഡിന്റെ സെക്കന്റ് ഇൻ കമാൻഡ് കെ. എസ്. അഭിജിത്ത് ആയിരുന്നു.
കെ.എ.പി മൂന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ കേഡറ്റായി എസ്. ഹരികൃഷ്ണൻ, മികച്ച ഔട്ട്ഡോർ കേഡറ്റായി എസ്. സൂരജ്, മികച്ച ഷൂട്ടറായി ജി. എസ്. ഹരികൃഷ്ണൻ, മികച്ച ഓൾറൗണ്ടറായി വി. വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ കേഡറ്റായി അനന്തു സുരേഷ്, മികച്ച ഔട്ട്ഡോർ കേഡറ്റായും ഓൾറൗണ്ടറായും കെ. എസ്. അഭിജിത്ത്, മികച്ച ഷൂട്ടറായി എൽദോ പൗലോസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, സ്വയം പ്രതിരോധ പരിശീലനങ്ങൾ, ഫയറിംഗ് എന്നിവ ഔട്ട്ഡോർ വിഭാഗത്തിലും; ഭരണഘടന, ഭാരതീയ ന്യായ സംഹിത, മോട്ടോർ വെഹിക്കിൾ ആക്ട്, വി.ഐ.പി ബന്തവസ്സ്, ടെലികമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം എന്നിവ ഇൻഡോർ വിഭാഗത്തിലും പരിശീലനമായി നൽകി. കൂടാതെ ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് വിഷയങ്ങളിലും ക്ലാസുകൾ നൽകിയിരുന്നു.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

