വിനോദസഞ്ചാരികൾക്കുള്ള പ്രവേശന ഫീസ്‌ ഉയർത്താനൊരുങ്ങി വെനീസ്: നിരക്ക് 50 യൂറോ വരെയാകാൻ സാധ്യത

വെനീസ്: വിനോദസഞ്ചാരികളുടെ അമിതപ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലേക്കുള്ള പ്രവേശന ഫീസ്‌ കുത്തനെ ഉയർത്താൻ ഒരുങ്ങുകയാണ് വെനീസിന്റെ പുതിയ മേയർ സിമോൺ വെഞ്ചുറിനി. നിലവിൽ ഈടാക്കുന്ന തുക വർധിപ്പിച്ച് 50 യൂറോ (ഏകദേശം 43 പൗണ്ട്) വരെയാക്കാനാണ് അധികൃതരുടെ നീക്കം. തിരക്കേറിയ ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് പരമാവധി കുറയ്ക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

2024-ലാണ് വെനീസ് ലോകത്ത് ആദ്യമായി വിനോദസഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ്‌ ഈടാക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 5 യൂറോ ആയിരുന്ന ഫീസ്‌ 2025-ൽ കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവസാന നിമിഷം എത്തുന്ന സഞ്ചാരികൾക്ക് നിരക്ക് ഇരട്ടിയാക്കുകയും ചെയ്തിരുന്നു. ഈ വർഷം 60 ദിവസങ്ങളിലായി ഈ നിയന്ത്രണം തുടരുന്നുണ്ട്. പദ്ധതി വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കിയില്ലെങ്കിലും, ആദ്യ വർഷം തന്നെ 2.4 ദശലക്ഷം യൂറോ വരുമാനമായി ലഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിലെ പദ്ധതി പ്രകാരം, ഓൺലൈനായി ഫീസ്‌ അടച്ച് ലഭിക്കുന്ന ക്യുആർ കോഡ് വെനീസിലെ പ്രധാന പ്രവേശന കവാടങ്ങളായ വെനീസിയ സാന്താ ലൂസിയ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കാണിക്കേണ്ടതുണ്ട്. രാത്രികാലങ്ങളിൽ നഗരത്തിൽ താമസിക്കുന്നവർക്കും വെനറ്റോ മേഖലയിൽ നിന്നുള്ളവർക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഫീസിൽ ഇളവുണ്ട്. എന്നാൽ, ഹോട്ടലുകളിൽ താമസിക്കുന്നവരും നിർബന്ധമായും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

നഗരത്തിന്റെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രതിവർഷം 100 ദശലക്ഷത്തിലധികം യൂറോ ചെലവാകുന്നുണ്ടെന്നും, ഈ പ്രവേശന ഫീസിൽ നിന്നുള്ള തുക നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും മേയർ സിമോൺ വെഞ്ചുറിനി കൂട്ടിച്ചേർത്തു. തിരക്കേറിയ ദിവസങ്ങളിൽ പ്രവേശന ഫീസ്‌ വർധിപ്പിക്കുന്നതിനായി ദേശീയ സർക്കാരിന്റെ അനുമതി തേടാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *