ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തകർപ്പൻ വിജയത്തിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ വിജയ്യെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച ചേർന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് ഏകകണ്ഠമായി തീരുമാനമെടുത്തത്.
യോഗത്തിന് മുന്നോടിയായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് സി.എൻ. അണ്ണാദുരൈയുടെ സ്മരണയ്ക്ക് വിജയ് ആദരമർപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിൽ 108 എംഎൽഎമാരും പങ്കെടുത്തു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ 10 സീറ്റുകളുടെ കൂടി പിന്തുണ പാർട്ടിക്കാവശ്യമാണ്.
പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിഎംകെ സഖ്യം 73 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും അണ്ണാ ഡിഎംകെ 47 സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ വിജയ്യുടെ ജനപ്രീതിയാണ് പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ചത്.

