ദേശീയ പണിമുടക്കിലെ അക്രമവും മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനവും ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മൂവാറ്റുപുഴ: ദേശീയ പണിമുടക്കിനിടെ മൂവാറ്റുപുഴയിലുണ്ടായ അക്രമസംഭവങ്ങളിലും മാധ്യമപ്രവർത്തകന് നേരെയുണ്ടായ മർദ്ദനത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് കമ്മീഷൻ ഉത്തരവ് നൽകി.

2025 ജൂലൈ ഒൻപതിന് നടന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി മൂവാറ്റുപുഴയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ് നടത്തി ജീവനക്കാർക്ക് പരിക്കേൽപ്പിക്കുകയും യാത്രക്കാരിൽ ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എം.സി.വി ലേഖകനും പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന അനൂപ് സത്യനെ സമരാനുകൂലികൾ മർദ്ദിക്കുകയായിരുന്നു. കൂടാതെ, റോഡിൽ ആംബുലൻസുകളും രോഗികളുമായി പോയ വാഹനങ്ങളും തടഞ്ഞ് ചികിത്സ നിഷേധിക്കാൻ ശ്രമം നടക്കുകയും, സമരത്തെ അനുകൂലിക്കാത്ത തൊഴിലാളികളെയും വ്യാപാരികളെയും തടയുകയും ചെയ്തു.

ഇതിലൂടെ മനുഷ്യാവകാശ ലംഘനവും മാധ്യമ സ്വാതന്ത്ര്യ നിഷേധവുമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടിയെടുത്തത്. പരാതിയുടെ പകർപ്പ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അയച്ച്, ഈ വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശമുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *