തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെയും എംഎസ്സിയുടെയും ഓഹരിക്കൈമാറ്റം സംസ്ഥാന സർക്കാരിന്റെ അറിവോടെയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചത്. സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ പരിഗണിക്കാവുന്ന വിഷയത്തിൽ അദാനി ഗ്രൂപ്പ് ഇത്തരത്തിൽ മുന്നോട്ടുപോകാൻ എങ്ങനെ ധൈര്യം കാണിച്ചുവെന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
25 ശതമാനത്തിലധികം ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നാണ് വ്യവസ്ഥയെന്നും, അദാനി ഗ്രൂപ്പിന്റെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി ആവശ്യപ്പെട്ടു. അദാനി പോർട്സ് സെബിക്ക് സമർപ്പിച്ച രേഖയിൽ ഓഹരി ഇടപാട് പൂർത്തിയായതായി വ്യക്തമാക്കിയിട്ടുണ്ടെന്നും ജൂൺ 29-ന് തന്നെ കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നീക്കം കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശ ഘടനയിൽ വലിയ മാറ്റത്തിന് തുടക്കമാകാനിടയുണ്ടെന്നും പിണറായി ആരോപിച്ചു. എംഎസ്സിക്ക് തുറമുഖ നിയന്ത്രണം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ കുത്തക രൂപപ്പെടാനും മറ്റ് ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളുടെ വരവിനെ അത് ബാധിക്കാനും സാധ്യതയുണ്ടെന്നും അതുവഴി സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിലും പ്രതികൂല സ്വാധീനം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ താത്പര്യങ്ങൾക്ക് വഴങ്ങുന്ന സമീപനം സർക്കാർ സ്വീകരിക്കരുതെന്നും, ഇക്കാര്യത്തിൽ അസാധാരണമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നതായും പിണറായി വിജയൻ ആരോപിച്ചു.

