കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽട്ട നിയമസഭാ മണ്ഡലത്തിൽ പരക്കെ ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് പ്രഖ്യാപിച്ച റീപോളിംഗ് ശാന്തമായി പൂർത്തിയായി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മണ്ഡലത്തിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മണി വരെ 42 ശതമാനം രേഖപ്പെടുത്തിയ വോട്ടെടുപ്പ്, വൈകുന്നേരത്തോടെ വലിയ തോതിൽ ഉയരുകയായിരുന്നു.
മണ്ഡലത്തിലെ ആകെ 285 പോളിംഗ് സ്റ്റേഷനുകളിലും പൂർണ്ണമായും കേന്ദ്രസേനയുടെ കർശനമായ കാവലിലാണ് ഇത്തവണ വോട്ടെടുപ്പ് നടത്തിയത്. കഴിഞ്ഞ ഏപ്രിൽ 29-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപകമായ ബൂത്തുപിടിത്തവും ഇവിഎം കൃത്രിമത്വവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ വോട്ടെടുപ്പ് പൂർണ്ണമായി റദ്ദാക്കി റീപോളിംഗിന് ഉത്തരവിട്ടത്. രണ്ടു സ്വതന്ത്രർ ഉൾപ്പെടെ ആറ് സ്ഥാനാർത്ഥികളാണ് വോട്ടിംഗ് യന്ത്രത്തിൽ ഉള്ളതെങ്കിലും പ്രധാന മുന്നണികൾ തമ്മിലാണ് ഇവിടെ പോരാട്ടം.
അതേസമയം, വോട്ടെടുപ്പിന് തൊട്ടുമുമ്പ് നാടകീയ നീക്കങ്ങൾക്കൊടുവിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്രിക പിൻവലിക്കാനുള്ള ഔദ്യോഗിക സമയം കഴിഞ്ഞതിനാൽ ഇവിഎമ്മിൽ അദ്ദേഹത്തിന്റെ പേരും ചിഹ്നവും നിലനിർത്തിക്കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തൃണമൂലിന്റെ പിന്മാറ്റത്തോടെ ബിജെപിയും കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ത്രികോണ മത്സരമായി ഫാൽട്ടയിലെ പോരാട്ടം മാറി. കനത്ത കാവലിൽ വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം 24 നാണ് രാജ്യമാകെ ഉറ്റുനോക്കുന്ന ഈ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുക

