കോഴിക്കോട്: കേരള പോസ്റ്റൽ സർക്കിളിൽ പുതുതായി ആരംഭിച്ച അത്യാധുനിക പാഴ്സൽ ഡെലിവറി സംവിധാനമായ “പിക് -പോസ്റ്റ്” (Pick-Post) പദ്ധതിക്ക് തുടക്കമായി. തപാൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് വി. ശാരദ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണിയിൽ നിന്നും ആദ്യ പാർസൽ സ്വീകരിച്ചുകൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയിലും സുരക്ഷിതമായും പാഴ്സലുകൾ എത്തിക്കുന്നതിനായി തപാൽ വകുപ്പ് ആവിഷ്കരിച്ച പുതിയ വിതരണ ശൃംഖലയാണ് ‘പിക്-പോസ്റ്റ്’. വാണിജ്യ-വ്യാപാര ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ തപാൽ വകുപ്പിലെയും മലബാർ ഡെവലപ്മെന്റ് കൗൺസിലിലെയും പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ സംവിധാനം മലബാർ മേഖലയിലെ ഉൾപ്പെടെയുള്ള പാഴ്സൽ വിതരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

