മെൽബൺ: വെസ്റ്റ് മെൽബൺ മലയാളി ഇൻക് (WMM) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒക്ടോബർ 4-ന് ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ധന്യ രാഗിണിയെ തിരഞ്ഞെടുത്തു. ജോബി ജോസഫ് (വൈസ് പ്രസിഡന്റ്), ആന്റണി വർഗ്ഗീസ് (സെക്രട്ടറി), പ്രമോദ് ജോൺ (ട്രഷറർ), ലിസി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
സംഘടനയുടെ വളർച്ചയ്ക്കും പുരോഗതിക്കും നേതൃത്വം നൽകിയ സ്ഥാനമൊഴിയുന്ന മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഗിജോ ജോസ് (പ്രസിഡന്റ്), ആന്റണി വർഗ്ഗീസ് (സെക്രട്ടറി), ബേസിൽ രാജു (വൈസ് പ്രസിഡന്റ്), പ്രമോദ് ജോൺ (ട്രഷറർ), ഗിജോ മാനുവൽ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ സമർപ്പണബോധത്തോടെയുള്ള സേവനങ്ങളെ യോഗം കൃതജ്ഞതയോടെ അനുസ്മരിച്ചു. സംഘടനയെ ഊർജ്ജസ്വലമായ ഒരു കൂട്ടായ്മയാക്കി മാറ്റുന്നതിൽ മുൻ സമിതി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അംഗങ്ങൾ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തിയ പുതിയ പ്രസിഡന്റ് ധന്യ രാഗിണി, വരുംവർഷത്തിൽ സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനും കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്നും അറിയിച്ചു. മുഴുവൻ അംഗങ്ങൾക്കും വിജയകരവും സന്തോഷകരവുമായ ഒരു പുതിയ പ്രവർത്തന വർഷം ആശംസിക്കുന്നതായും അവർ വ്യക്തമാക്കി.


