വിവാഹത്തിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ വാഹനാപകടം; ബൈക്ക് യാത്രികനായ 23-കാരന് ദാരുണാന്ത്യം

അഡ്‌ലെയ്ഡ്: പ്രണയിനിയുമായി ഡിസംബർ 12-ന് നടക്കാനിരുന്ന വിവാഹത്തിനായുള്ള കാത്തിരിപ്പിനിടെയുണ്ടായ വാഹനാപകടത്തിൽ 23-കാരനായ യുവാവിന് ദാരുണാന്ത്യം. അഡ്‌ലെയ്ഡിലെ സാലിസ്ബറി ഹൈറ്റ്സ് സ്വദേശിയായ ഐഡൻ ആൽചിൻ (23) ആണ് പാരകോമ്പിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. 2025-ലെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ സൗത്ത് ഓസ്ട്രേലിയ ഫൈനലിസ്റ്റായ ഹെയ്‌ലി സട്ടറുമായുള്ള വിവാഹത്തിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അഡ്‌ലെയ്ഡിന്റെ വടക്കുകിഴക്കൻ മേഖലയായ പാരകോമ്പിലെ ജോർജ്ജ് റോഡിലായിരുന്നു അപകടം. ഐഡൻ ഓടിച്ചിരുന്ന യമഹ മോട്ടോർസൈക്കിൾ രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐഡൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട ഇരു കാറുകളിലെയും ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അഡ്‌ലെയ്ഡിലെ ബൈക്ക് പ്രേമികളുടെ കൂട്ടായ്മയിൽ ഏറെ സജീവമായിരുന്നു ഐഡൻ. മരണപ്പെട്ട മറ്റൊരു റൈഡർക്കായി നേരത്തെ പ്ലാൻ ചെയ്തിരുന്ന സ്മരണായാത്ര ഇപ്പോൾ ഐഡന്റെ ഓർമ്മകളെക്കൂടി ആദരിക്കുന്ന തരത്തിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബൈക്ക് റൈഡിങ് കൂട്ടായ്മയും അറിയിച്ചു. ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒരു ജീവിതം പാതിവഴിയിൽ പൊലിഞ്ഞതിന്റെ ഞെട്ടലിലും തീരാദുഃഖത്തിലുമാണ് ഐഡന്റെ കുടുംബവും പ്രതിശ്രുത വധു ഹെയ്‌ലിയും സുഹൃത്തുക്കളും.

Leave a Reply

Your email address will not be published. Required fields are marked *