പോർഷെ വാഹനം മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; വീടിന് തീയിട്ട് മുഖംമൂടി സംഘം, മെൽബണിൽ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മെൽബൺ: ആഡംബര പോർഷെ എസ്‌യുവി മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് അക്രമിസംഘം വാഹനത്തിന് തീയിടുകയും തുടർന്നുണ്ടായ തീപിടുത്തത്തിൽ പാർപ്പിട സമുച്ചയം പൂർണ്ണമായി കത്തിയമരുകയും ചെയ്തു. മെൽബണിലെ മെയ്ഡ്സ്റ്റോണിൽ ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വീടിന്റെ പരിസരത്ത് മുഖംമൂടി ധരിച്ച അക്രമികൾ എത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കാർ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അക്രമികൾ പോർഷെ എസ്‌യുവിക്ക് മുകളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിമിഷങ്ങൾക്കകം ആളിക്കത്തിയ തീ ടൗൺഹൗസിലേക്ക് ആളിപ്പടരുകയും തുടർന്ന് തൊട്ടടുത്തുള്ള വീട്ടിലേക്കും വ്യാപിക്കുകയും ചെയ്തു. തീ അതിവേഗം പടരുന്നതിനിടെ ഒരു കൊച്ചുപെൺകുട്ടി താൻ വളർത്തുന്ന മുയലുമായി വീട്ടിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ദമ്പതികൾക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെങ്കിലും ഇവരുടെ വീട് തീപിടുത്തത്തിൽ പൂർണ്ണമായി തകർന്നു.

മെൽബണിൽ അടുത്ത ദിവസങ്ങളിലായി പാർപ്പിട മേഖലകളെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന പെട്രോൾ ബോംബ്, തീവെപ്പ് ആക്രമണങ്ങളുടെ പരമ്പര ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, അടുത്തിടെ നടന്ന മറ്റ് ആക്രമണങ്ങളുമായി ഇതിന് നേരിട്ട് ബന്ധമുണ്ടോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *