മെൽബൺ: വിശ്വാസികളുടെ വിശ്വാസത്തെ വഞ്ചിച്ച് മെൽബണിലെ ബുദ്ധക്ഷേത്രങ്ങളിൽ വെച്ച് നാല് വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ആറ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുൻ മുഖ്യ സന്യാസിക്ക് 13 വർഷവും രണ്ട് മാസവും തടവുശിക്ഷ വിധിച്ചു. നവോതുണ്ണെ വിജിത (71) എന്ന മുൻ സന്യാസിയെയാണ് 4 മുതൽ 12 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ നടത്തിയ 17 ലൈംഗികാതിക്രമ കുറ്റങ്ങൾക്ക് കോടതി ശിക്ഷിച്ചത്.
1994 നും 2002 നും ഇടയിൽ മെൽബണിലെ സ്പ്രിങ്വെയിൽ, കീസ്ബറോ എന്നിവിടങ്ങളിലെ ബുദ്ധക്ഷേത്രങ്ങളിൽ വെച്ചായിരുന്നു അതിക്രമങ്ങൾ നടന്നത്. മാതാപിതാക്കൾ ക്ഷേത്രകാര്യങ്ങളിൽ ഏർപ്പെട്ടിരുന്ന സമയത്ത് മിഠായികളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും നൽകി വശീകരിച്ചാണ് ഇയാൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്.
കുറ്റകൃത്യങ്ങളിൽ തെല്ലും പശ്ചാത്താപം പ്രകടിപ്പിക്കാത്ത പ്രതി ഇനിയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇയാളുടെ കടുത്ത വിശ്വാസവഞ്ചനയെ രൂക്ഷമായി അപലപിച്ചു. ശിക്ഷാകാലയളവിൽ കുറഞ്ഞത് 9 വർഷവും 4 മാസവും പൂർത്തിയാക്കിയാൽ മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാകൂ. സ്വീഡിഷ് പൗരനായ വിജിതയെ ശിക്ഷാ കാലാവധിക്ക് ശേഷം ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്താനും സാധ്യതയുണ്ട്.
അതേസമയം, കോടതിമുറിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ഇയാൾ ചിരിക്കുകയും കൈവീശുകയും ചെയ്തപ്പോൾ അനുയായികൾ ഇയാളെ വണങ്ങിയത് ഇരകളെയും കുടുംബങ്ങളെയും ഞെട്ടിച്ചു. താൻ ജനിച്ചുവളർന്ന വിശ്വാസത്തെയാണ് അയാൾ വിഷലിപ്തമാക്കിയതെന്ന് അതിജീവിതമാരിൽ ഒരാൾ കോടതിയിൽ വികാരാധീനയായി പ്രതികരിച്ചു. നീണ്ട വർഷങ്ങൾക്ക് ശേഷം നീതിക്കായി പൊരുതിയ ആറ് അതിജീവിതമാരുടെയും ധൈര്യത്തെ സമൂഹം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

