മെൽബൺ: മെൽബണിലെ ടെയ്ലേഴ്സ് ഹില്ലിൽ നടന്ന പെട്രോൾ ബോംബാക്രമണത്തിന് പിന്നിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ക്വട്ടേഷൻ ശൃംഖലയെന്ന് സംശയം. ഒക്ടോബർ 5 തിങ്കളാഴ്ച ഒരു പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിനിടെ 13 വയസ്സുള്ള ആൺകുട്ടിക്ക് ശരീരമാസകലം 90 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റു. കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വാട്സ്ആപ്പിലെ വ്യാജ പ്രൊഫൈലുകൾ വഴി ഇടനിലക്കാരാണ് 13-കാരന് ആക്രമണം നടത്താനുള്ള നിർദ്ദേശങ്ങൾ നൽകിയതെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കൃത്യം നടത്തുന്നതിനിടെ രണ്ട് വാഹനങ്ങൾ അഗ്നിക്കിരയാക്കി. തുടർന്ന് മോഷ്ടിച്ചതെന്ന് കരുതപ്പെടുന്ന കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 15-ഉം 16-ഉം വയസ്സുള്ള മൂന്ന് കൗമാരക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഇത്തരം ആക്രമണങ്ങൾ നടപ്പിലാക്കാൻ കുറ്റവാളി സംഘങ്ങൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിൽ പോലീസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. കൃത്യം നേരിട്ട് നടത്തിയവരെ മാത്രമല്ല, ഇതിന് പിന്നിൽ നിന്ന് ക്വട്ടേഷൻ നൽകിയ മുഖ്യ സൂത്രധാരന്മാരെയും ഇടനിലക്കാരെയും കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് വിക്ടോറിയൻ പോലീസ്.

