തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് കേരള നിയമസഭയിൽ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളും അതിൽനിന്ന് കരകയറുന്നതിനുള്ള നിർദേശങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും റിപ്പോർട്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സമിതിയിൽ സിഡിഎസ് ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ അംഗങ്ങളാണ്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതിയുടെ കൺവീനറാണ്. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
സർക്കാർ രൂപീകരണത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാർ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ, കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാന ഖജനാവിന്റെ യഥാർഥ സ്ഥിതിയും കടബാധ്യതകളും ധവളപത്രത്തിൽ വിശദമായി പ്രതിപാദിക്കുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുകയാണ് ധവളപത്രത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

