ക്യാൻബറ: പ്രാദേശിക മാധ്യമങ്ങളുമായി കരാറിലെത്താത്ത വൻകിട ടെക് കമ്പനികൾക്ക് ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 2.5 ശതമാനം പ്രത്യേക ലെവി (News Bargaining Incentive levy) ഈടാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചു. മുൻപ് നിർദ്ദേശിച്ച 2.25 ശതമാനത്തിൽ നിന്നാണ് നികുതി നിരക്ക് 2.5 ശതമാനമായി ഉയർത്തിയത്.
ഗൂഗിൾ, മെറ്റാ, ടിക് ടോക് എന്നിവയ്ക്ക് പുറമെ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനെയും (LinkedIn) പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്ന് 250 ദശലക്ഷം ഡോളറിലധികം (A$250M) ഡിജിറ്റൽ പരസ്യ വരുമാനം നേടുന്ന സേവനങ്ങൾക്കാണ് ഈ നികുതി ബാധകമാകുക.
മാധ്യമ സ്ഥാപനങ്ങളുമായി ധാരണയിലെത്താതെ മാറിനിൽക്കുന്ന ടെക് ഭീമന്മാരിൽ നിന്ന് പിരിച്ചെടുക്കുന്ന ഈ തുക രാജ്യത്തെ പ്രാദേശിക, റീജിയണൽ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തനത്തിന്റെയും നിലനിൽപ്പിനായി നൽകാനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം, പത്രസ്ഥാപനങ്ങളുമായി നേരിട്ട് കരാറിലേർപ്പെടുന്ന കമ്പനികൾക്ക് ഈ ലെവി തുകയിൽ ഇളവ് ലഭിക്കും. ചെറുതും പ്രാദേശികവുമായ വാർത്താ സ്ഥാപനങ്ങളുമായി കരാറിലെത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ മാധ്യമ സ്ഥാപനങ്ങളുമായുള്ള കരാറുകൾ പുതുക്കാൻ മെറ്റാ അടക്കമുള്ള കമ്പനികൾ വിസമ്മതിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് അസിസ്റ്റന്റ് ട്രഷറർ ഡാനിയൽ മുലിനോ അറിയിച്ചു.

