തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പിലേക്ക് മാറിത്താമസിക്കുന്ന ഗുണഭോക്താക്കൾക്ക് ഉപജീവനമാർഗങ്ങൾ ഒരുക്കാൻ 90.16 ലക്ഷം രൂപ അനുവദിച്ചു. തുക കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉപജീവന പദ്ധതികൾക്കായി വിനിയോഗിക്കും.
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുന്നതിനാണ് 90,16,600 രൂപ അനുവദിച്ചത്. തുക കുടുംബശ്രീക്ക് കൈമാറാൻ വയനാട് ജില്ലാ കളക്ടർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ദുരന്തബാധിത കുടുംബങ്ങൾക്ക് ഉപജീവന സഹായമായി രണ്ട് ലക്ഷം രൂപ വീതം നൽകുന്നതിനായി തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ഗുണഭോക്താക്കളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ കുടുംബശ്രീ വഴി നടപ്പാക്കുക.

