ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ ദേശീയതലസ്ഥാന നഗരിയിൽ രണ്ടാംതവണയും കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഡൽഹി ഗ്രേറ്റർ കൈലാഷിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയാണ് ഇത്തവണ സൈബർ തട്ടിപ്പിനിരയായത്. മീനാക്ഷി അഹൂജ എന്ന 69കാരിയെ ഒന്പത് ദിവസം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തടഞ്ഞുവച്ച് ഏഴു കോടിയോളം രൂപയാണു തട്ടിയെടുത്തത്.
ഭർത്താവിന്റെ വിയോഗത്തെത്തുടർന്ന് വർഷങ്ങളായി തനിച്ചു താമസിക്കുന്ന മീനാക്ഷിക്ക് കഴിഞ്ഞ അഞ്ചിനാണ് സൈബർ തട്ടിപ്പുകാരിൽനിന്നു ഫോണ് വിളിയെത്തിയത്. സ്വന്തം പേരിലുള്ള സിം കാർഡ്, കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ തട്ടിപ്പുകാരുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനു വിധേയമാക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചിനും 13നുമിടയിൽ മീനാക്ഷിയെ തട്ടിപ്പുകാർ നിരന്തരമായ ഡിജിറ്റൽ നിരീക്ഷണത്തിനു വിധേയമാക്കി “കസ്റ്റഡിയി’ ലാക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ ഒന്നിലധികം ഇടപാടുകളിലൂടെ 6.9 കോടി രൂപയാണു മീനാക്ഷിയിൽനിന്നു തട്ടിയെടുത്തത്.
കോടികളുടെ പണമിടപാട് നടന്നതിനുശേഷം തട്ടിപ്പുകാർ പിന്നീട് ബന്ധപ്പെടാത്തതിനെത്തുടർന്ന് വീട്ടമ്മ തട്ടിപ്പ് മനസിലാക്കുകയും പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. കേസിൽ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈയാഴ്ചയിൽത്തന്നെ ഡൽഹിയിൽവൃദ്ധ ദന്പതികളുടെ 14 കോടി രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിപ്പുകാർ തട്ടിയെടുത്തിരുന്നു.

