യുദ്ധഭീതിക്കിടെ സമാധാന നീക്കം; നിർണ്ണായക യുഎസ് – ഇറാൻ ചർച്ചകൾക്ക് നാളെ ഒമാനിൽ തുടക്കം

മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ നയതന്ത്ര ചർച്ചകൾക്ക് നാളെ (വെള്ളിയാഴ്ച) ഒമാൻ വേദിയാകും. നേരത്തെ തുർക്കിയിലെ ഇസ്താംബുളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകൾ, ഇറാന്റെ പ്രത്യേക ആവശ്യപ്രകാരം ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലേക്ക് മാറ്റുകയായിരുന്നു.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ചർച്ചകൾക്ക് നേതൃത്വം നൽകും. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും ചർച്ചയിൽ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.

ആണവ പദ്ധതിയൊഴികെ മറ്റൊരു വിഷയവും ചർച്ച ചെയ്യില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ചർച്ചാവിഷയമാക്കണമെന്ന് അമേരിക്ക വാശിപിടിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ അറബിക്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണ്’ നേരെ വന്ന ഇറാനിയൻ ഡ്രോണിനെ അമേരിക്ക വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറായത്.

തുർക്കിയിലെ ചർച്ചകളിൽ മറ്റ് അറബ് രാജ്യങ്ങളെ നിരീക്ഷകരായി പങ്കെടുപ്പിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള (Bilateral) ചർച്ചയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് നിഷ്പക്ഷ വേദിയായ ഒമാനിലേക്ക് ചർച്ചകൾ മാറ്റിയത്. സമാധാന ശ്രമങ്ങളെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.

ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും സൈനിക നടപടി ഉണ്ടാകുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഈ ചർച്ചകൾ ഏറെ നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *