ഇടുക്കി: ഉപ്പുതോട് പള്ളിക്കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണശാലയിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. ഇട്ടുകുന്നേൽ ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പൂർണ്ണമായും കത്തിനശിച്ചത്.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നിർമ്മാണശാലയിൽ നിന്നും വലിയ രീതിയിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഉടമയെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. ഫർണിച്ചർ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ തടികളും പെയിന്റ്, പോളിഷ് തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. എങ്കിലും സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന യന്ത്രസാമഗ്രികളും നിർമ്മാണം പൂർത്തിയായ ഫർണിച്ചറുകളും തടികളും പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

