ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഓസ്‌ട്രേലിയയിൽ പലചരക്ക് സാധനങ്ങൾക്ക് 50 ശതമാനം വരെ വിലവർദ്ധനവുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

കാൻബറ: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓസ്‌ട്രേലിയൻ ജനതയെ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ ഗതാഗത-വിതരണ ശൃംഖലയെ ബാധിക്കുന്നതോടെ, വരുംദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലവർദ്ധനവുണ്ടായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ ഉപരോധം ഡീസൽ ലഭ്യതയെ സാരമായി ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കാർഷിക യന്ത്രങ്ങൾക്കും ചരക്ക് ലോറികൾക്കും ആവശ്യമായ ഡീസലിന്റെ വില വർദ്ധിക്കുന്നത് ഉൽപ്പാദന-വിതരണ ചെലവ് കുത്തനെ കൂട്ടും. ഇത് സൂപ്പർമാർക്കറ്റുകളിലെ ബില്ലുകളിൽ വലിയ പ്രതിഫലനമുണ്ടാക്കുമെന്ന് അഡ്‌ലെയ്ഡ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ദേവിക കണ്ണൻ ചൂണ്ടിക്കാട്ടി. ‘ജസ്റ്റ് ഇൻ ടൈം’ (Just-in-time) എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയുടെ നിലവിലെ വിതരണ ശൃംഖല തകർച്ചയുടെ വക്കിലാണെന്നും അവർ മുന്നറിയിപ്പ് നൽകി.

ഒരു പാക്കറ്റ് ബ്രെഡിന്റെയോ ധാന്യത്തിന്റെയോ വിലയിൽ അസംസ്‌കൃത എണ്ണയുടെ വില നേരിട്ടോ അല്ലാതെയോ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സിഡ്‌നി സർവ്വകലാശാലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ വലിയ വിലക്കയറ്റത്തിന് കാരണമാകുന്ന ‘ബുൾവിപ്പ് ഇഫക്റ്റ്’ (Bullwhip Effect) ഈ സാഹചര്യത്തിൽ പ്രകടമായേക്കാം.

നിലവിൽ ഓസ്‌ട്രേലിയയുടെ പക്കൽ 29 മുതൽ 36 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമാണുള്ളത്. ഇത് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി നിർദ്ദേശിക്കുന്ന 90 ദിവസത്തെ ശേഖരത്തേക്കാൾ വളരെ കുറവാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം 30 ദിവസത്തിലധികം നീണ്ടുനിന്നാൽ രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്നും സൂചനയുണ്ട്. ഇന്ധനക്ഷാമം ഭയന്ന് ജനങ്ങൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് (Panic Buying) സാഹചര്യം കൂടുതൽ വഷളാക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സുസ്ഥിരമായ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറാനുമുള്ള സമയമാണിതെന്ന് ഭൗമരാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. സമാന്തരമായി, വൻതോതിൽ ഇന്ധനം ശേഖരിക്കുന്നത് ഒഴിവാക്കാൻ ജെറി കാനുകളിൽ ഇന്ധനം നിറയ്ക്കുന്നത് പരിമിതപ്പെടുത്തണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *