സിഡ്നി: അത്യാധുനിക ടെലി-സർജറി രംഗത്ത് ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ സർജൻ. സിഡ്നിയിൽ ഇരുന്നുകൊണ്ട് 7,500 കിലോമീറ്റർ അകലെ ചൈനയിലുള്ള രോഗിയുടെ റോബോട്ടിക് സർജിക്കൽ ഉപകരണങ്ങൾ വിജയകരമായി നിയന്ത്രിച്ച് ഡോ. റൂബൻ തനിഗസലം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഇത്തരമൊരു അതിദൂര റോബോട്ടിക് ശസ്ത്രക്രിയ ഓസ്ട്രേലിയയിൽ ആദ്യമായാണ് വിജയകരമായി പരീക്ഷിക്കുന്നത്.
ചൈനയിലെ ആശുപത്രിയിൽ സജ്ജീകരിച്ചിരുന്ന അത്യാധുനിക റോബോട്ടിക് ഉപകരണങ്ങളെ അതിവേഗ നെറ്റ്‌വർക്ക് മുഖേന സിഡ്നിയിലെ കൺസോളിലിരുന്ന് നിയന്ത്രിച്ചാണ് ശസ്ത്രക്രിയാ നടപടികൾ പൂർത്തിയാക്കിയത്. മെഡിക്കൽ സാങ്കേതികവിദ്യയിലെ ഈ മുന്നേറ്റം ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ഗ്രാമീണ-വിദൂര മേഖലകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇനി നഗരങ്ങളിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വരില്ലെന്നതാണ് ഇതിന്റെ പ്രധാന ഗുണം. വീടുകളിൽനിന്ന് മാറിനിൽക്കാതെ തന്നെ പ്രാദേശിക ആശുപത്രികളിൽ വെച്ച് ലോകോത്തര വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. വിദൂര പ്രദേശങ്ങളിലെ രോഗികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ ഇതൊരു നാഴികക്കല്ലാകും.

