പശ്ചിമേഷ്യയിൽ സമവായ നീക്കങ്ങൾക്കിടയിലും ആക്രമണം തുടരുന്നു; ചർച്ച നടന്നെന്ന വാദം തള്ളി ഇറാൻ

ദുബായ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെയും മേഖലയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള രൂക്ഷമായ ആക്രമണങ്ങൾ തുടരുന്നു. സമാധാന ചർച്ചകൾ നടന്നുവെന്ന അമേരിക്കൻ അവകാശവാദങ്ങൾ ഇറാൻ പൂർണ്ണമായും തള്ളിയതോടെ മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. അഞ്ചു ദിവസത്തേക്ക് ഇറാന്റെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായി ചർച്ചകൾ നടത്തിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള സമവായ നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നായിരുന്നു യുഎസ് പക്ഷം. എന്നാൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച നടന്നുവെന്നത് വ്യാജ വാർത്തയാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. പൂർണ്ണ വിജയം ഉണ്ടാകും വരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡ് വക്താവ് മേജർ ജനറൽ അലി അബ്ദുള്ളാഹി ആലിയാബാദി ആവർത്തിച്ചു.യുദ്ധം സംബന്ധിച്ച് ഈയാഴ്ച റഷ്യ, പാക്കിസ്ഥാൻ, ഈജിപ്റ്റ്, ഒമാൻ, തുർക്കി, അസർബൈജാൻ, ദക്ഷിണ കൊറിയ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ച നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *