കാഠ്മണ്ഡു: കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ‘ജെൻ സി’ (Gen Z) പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ഭക്തപൂരിലെ ഗുണ്ഡുയിലുള്ള വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.2025 സെപ്റ്റംബറിൽ അഴിമതിക്കെതിരെയും സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയും യുവാക്കൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിലും അക്രമങ്ങളിലും 76-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഗൗരി ബഹാദൂർ കർക്കി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഷേധം തടയുന്നതിലും അക്രമം നിയന്ത്രിക്കുന്നതിലും അന്നത്തെ സർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യ (Culpable Homicide) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ഗായകൻ കൂടിയായ ബലേന്ദ്ര ഷാ (Balen Shah) നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഈ നിർണ്ണായക നീക്കം നടന്നത്. കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വെള്ളിയാഴ്ച നടന്ന ആദ്യ കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള 74-കാരനായ കെ.പി. ശർമ്മ ഒലിയെ, അറസ്റ്റിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് ഒലിയുടെ പാർട്ടിയായ സിപിഎൻ-യുഎംഎൽ ആരോപിച്ചു. അറസ്റ്റിനെത്തുടർന്ന് കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും നീതി നടപ്പിലാക്കുന്നതിന്റെ തുടക്കമാണിതെന്നും നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് പ്രതികരിച്ചു. ഞായറാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ

